എന്‍റെ ഗ്രാമം

ഇതെന്‍റെ സ്വന്തം എടവനക്കാട്… എല്ലാവരും മറുനാടിനെ പ്രശംസിക്കുന്ന ഈ കാലത്ത് ആദ്യം സ്വന്തം നാടിനെ പ്രശംസിക്കാനാണ് എനിക്ക് തോന്നിയത്. എറണാകുളം ജില്ലയിലുള്ള വൈപ്പിന്‍ ദ്വീപിലെ ഒരു മനോഹര ഗ്രാമമാണ്‌ എടവനക്കാട്. എടവനക്കാടിനെ പറ്റി പറയുന്നതിനു മുന്‍പ്‌ വൈപ്പിന്‍ ദ്വീപിനെ കുറിച്ച് പറയണം. 1341-ല്‍ പെരിയാറില്‍ ഉണ്ടായ വെള്ളപ്പൊക്കത്തോടെയാണ്‌ വൈപ്പിന്‍ കര രൂപപ്പെടുന്നത്. പക്ഷെ അതോടൊപ്പം തന്നെ അന്ന് പ്രസിദ്ധമായിരുന്ന മുസിരിസ് തുറമുഖം നാമാവശേഷമാവുകയും ചെയ്തു. ചെറിയൊരു അഴിമുഖമായിരുന്ന കൊച്ചിയില്‍ കായലുകള്‍ രൂപമെടുത്തു. ഇതോടെ കടലിലേക്കു പതിക്കുന്ന പെരിയാറിന്‍റെ കൈവഴിയായ വീരന്‍ പുഴയുടെ എക്കല്‍ മണ്ണ്‌ അടിഞ്ഞു കൂടി വൈപ്പിന്‍ കര ജന്മമെടുത്തു. ഒരുപക്ഷെ കാലങ്ങളായി നദി ഒഴുക്കി കൊണ്ടുവന്ന എക്കലും മണ്ണും ഈ പ്രദേശങ്ങളില്‍ അടിഞ്ഞു കൂടിയിട്ടുണ്ടാവണം. എന്തായാലും ഇങ്ങനെ പുഴ വച്ചുണ്ടായ “വയ്പ്പ്” കര ആയതു കൊണ്ട് ഇതിനെ വൈപ്പിന്‍ കര എന്ന് വിളിച്ചു. 26 കിലോമീറ്റര്‍ നീളവും ശരാശരി 2 കിലോമീറ്റര്‍ വീതിയും ആണ് വൈപ്പിന്‍ കരയ്ക്ക് ഉള്ളത്. ഏഷ്യയിലെ തന്നെ ഏറ്റവും ജനസാന്ദ്രതയേറിയ ദ്വീപ്‌ ആണ് വൈപ്പിന്‍ എന്നു പറയുന്നു. ഇനി നമുക്ക് എടവനക്കാട്ടേക്ക് വരാം. വൈപ്പിന്‍കരയുടെ ഏതാണ്ട് മദ്ധ്യത്തിലായിട്ടാണ് എടവനക്കാട് ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഏകദേശം 11 കിലോമീറ്റര്‍ ചുറ്റളവുള്ളതാണ് ഈ ഗ്രാമം. വിസ്തീര്‍ണ്ണം ഏകദേശം 7.2 ചതുരശ്ര കിലോമീറ്റര്‍ വരും. വൈപ്പിന്‍ കരയിലൂടെ കടന്നുപോകുന്ന വൈപ്പിന്‍ – പള്ളിപ്പുറം റോഡ്‌ ഗ്രാമത്തെ രണ്ടായി മുറിക്കുന്നു. പടിഞ്ഞാറു ഭാഗത്ത് അറബിക്കടലും കിഴക്കുഭാഗത്ത് വേമ്പനാട് കായലും ആണ് ഉള്ളത്. വൈപ്പിന്‍ കരയോട് ചേര്‍ന്ന് കിടക്കുന്ന വേമ്പനാട് കായലിനെ വീരന്‍ പുഴ എന്ന പേരിലാണ് ഇവിടെ അറിയപ്പെടുന്നത്.

വീരൻ പുഴയിലൂടെ പോകുന്ന മത്സ്യത്തൊഴിലാളികൾ

വനവും കാടും ഒരുമിച്ചു ചേരുന്ന ഒരു വിചിത്രമായ പേരാണ് ഈ ഗ്രാമത്തിന്. എന്നാല്‍ ഇത് എടവന എന്നൊരു തറവാട്ടു പേരില്‍ നിന്ന് ഉണ്ടായതാണെന്നാണ് കേട്ടറിവ്. ആദ്യകാലത്ത് ഇവിടം കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ പ്രദേശമായിരുന്നു. കിഴക്ക് ഭാഗത്തുള്ള വീരന്‍ പുഴയോടു ചേര്‍ന്ന സ്ഥലങ്ങളില്‍ നെല്‍കൃഷി ചെയ്തുവരുന്നു. ഗ്രാമത്തിന്‍റെ പ്രധാന ജീവിതോപാധി മത്സ്യബന്ധനം തന്നെ. കൂടാതെ പൊക്കാളി നെല്‍കൃഷി, തെങ്ങ്, കള്ളുചെത്ത് എന്നിവയും ഉണ്ട്. പണ്ടുകാലങ്ങളിൽ കയര്‍ നിര്‍മ്മാണവും ചെയ്തിരുന്നു. മത്സ്യ
കൃഷിയുടെ ഉത്തമ ഉദാഹരണമായ മത്സ്യ കെട്ടുകള്‍ (ഫിഷ് പോണ്ട്) ഇവിടെ അങ്ങിങ്ങായി ധാരാളം കാണാവുന്നതാണ്. വലിയ നെല്‍പ്പാടങ്ങള്‍ മത്സ്യ കെട്ടുകളായി ഉപയോഗിക്കുകയും ചെയ്തുവരുന്നു.

താമരവട്ടത്തെ നെൽ പാടങ്ങൾ

എടവനക്കാട്ടെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു സ്ഥലമാണ് താമരവട്ടം. ഗ്രാമത്തിന്റെ കിഴക്കു ഭാഗം ആണ് ഈ സ്ഥലം. നാട്ടില്‍ നെല്‍കൃഷിക്ക് പേരു കേട്ട ഒരിടമാണിത്. സംശയം വേണ്ട, ഒരു പ്രകൃതി സ്നേഹിക്ക് തീര്‍ച്ചയായും ഇഷ്ട്ടപ്പെടുന്ന ഒരിടം തന്നെയാണിത്. ഏകദേശം ഒന്നൊന്നര കിലോമീറ്റര്‍ വിസ്തീര്‍ണ്ണം ഉള്ളെങ്കിലും എനിക്ക് ഇത് ഭൂമിയിലെ സ്വര്‍ഗ്ഗം ആണെന്ന് പറയാൻ തോന്നിപ്പോകും… കായലും കരയും നെല്‍ പാടവും തോടുകളും മേഘങ്ങളും എല്ലാം മുഖത്തോടുമുഖം നോക്കി നില്‍ക്കുന്നൊരിടം. വൈകീട്ട് ആയാലും, നട്ടുച്ചയ്ക്ക് നല്ല വെയില്‍ ഉള്ള സമയത്ത് ആയാലും കടലില്‍ നിന്ന് കരയെ തഴുകി കായലിലേക്കു പാഞ്ഞു പോകുന്ന ആ കാറ്റടിച്ചാല്‍ ആരായാലും ഒന്നു പാടിപ്പോകും. ഞാന്‍ വരുമ്പോഴൊക്കെയും ഇവിടെ നല്ല കാറ്റാണ്. എന്തും മറന്ന് പ്രകൃതിയില്‍ അലിഞ്ഞു ചേര്‍ന്ന് പോകുന്ന അവസ്ഥയാണ് എനിക്ക് ഇവിടെ നില്‍ക്കുമ്പോള്‍. കടലിന്‍റെ അടുത്തായതുകൊണ്ട് കൺ കുളിർപ്പിക്കാൻ കുറച്ചു വെള്ളി മേഘങ്ങള്‍ എപ്പോഴും ഉണ്ടാവും. ചിലപ്പോഴൊക്കെ ചൂണ്ടയിടാന്‍ വരുന്ന കുട്ടി പട്ടാളങ്ങളെ കാണാം. എങ്ങനെ ആയാലും കൈ നിറയെ മീനുകള്‍ ആയിട്ടെ അവര് മടങ്ങാറുള്ളൂ. താമരവട്ടത്തെ ഒരു നിമിഷം കാണാം ഈ വീഡിയോയില്‍:

താമരവട്ടം കഴിഞ്ഞാല്‍ പിന്നെ എന്നെ ആകർഷിക്കുന്നത് ഇവിടത്തെ കടല്‍ത്തീരമാണ്. ചെറായി, കുഴുപ്പുള്ളി ബീച്ചിനും പുതുവൈപ്പ് ബീച്ചിനും ഇടയിലാണ് എടവനക്കാട് ബീച്ച്. ഗൂഗിള്‍ മാപ്പില്‍ ഇത് അണിയല്‍ ബീച്ച് എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. പഴങ്ങാട് പുത്തൻ കടപ്പുറം എന്നും പരിത കടപ്പുറം എന്നും ഈ ബീച്ചിന് പേരുണ്ട്. കുട്ടിക്കാലം മുതലേ ഞാന്‍ ഈ കടല്‍ത്തീരത്തിന്‍റെ ഒരാരാധകനാണ്. കടല്‍ എന്താണെന്ന് കണ്ടു പഠിച്ചത് ഇവിടെനിന്നാണ്. ചെറുപ്പത്തിലെ കടല്‍ കാഴ്ചകള്‍ എനിക്ക് ഒരു അത്ഭുതം തന്നെ ആയിരുന്നു. ഇന്നും ഞാന്‍ ആ അത്ഭുദം മനസ്സില്‍ സൂക്ഷിക്കുന്നു.

എടവനക്കാട് ബീച്ച്

ഗ്രാമത്തിന്‍റെ കടലോര പ്രദേശം മുഴുവന്‍ സീവാള്‍ എന്ന പേരില്‍ അറിയപ്പെടുന്ന കരിങ്കല്‍ ഭിത്തി കൊണ്ട് കവചിതമാണ്. കടല്‍ ക്ഷോഭങ്ങളിൽ നിന്ന് രക്ഷനേടാന്‍ ആണ് ഇത്. ഇടയ്ക്ക് ഇടയ്ക്ക് വലിയ തിരമാലകള്‍ സീവാളില്‍ തട്ടി ചിതറുന്നത്‌ കാണാന്‍ നല്ല ഭംഗിയാണ്. ആ ചിതറുന്ന ശബ്ദവും മനോഹരമാണ്. 2004 – ലെ സുനാമിയില്‍ നിന്നും ഗ്രാമത്തെ ഒരു പരിധി വരെ രക്ഷിച്ചത് ഈ സീവാള്‍ ആണ്. അന്നത്തെ സുനാമിക്ക് ഞാനും ഒരു ദൃസാക്ഷി ആണ്. ഭാഗ്യവശാല്‍ ആ സമയത്തു ഞാൻ തീരത്തു വന്നില്ലായിരുന്നു.

പഴയ സീവാൾ കല്ലുകൾ

എന്‍റെ കാല്‍ പാദം പതിഞ്ഞ കല്ലുകളാണ് ഇവയില്‍ മിക്കതും. ഇവ എന്‍റെ അഭിപ്രായത്തില്‍ തീരത്തിന്‍റെ ഭംഗി ഇരട്ടിപ്പിക്കുകയാണ്. വൃത്തിഹീനം അല്ലാത്ത ഒരു തീരം ആണിത്. അധികം അപകടം പിടിച്ച സ്ഥലവും അല്ല ഇത്. എന്നാലും കടല്‍ എത്രത്തോളം അപകടകാരിയാണെന്ന് നമുക്ക് അറിയാം. മിക്കപ്പോഴും കടനാക്ക് എന്ന് വിളിക്കുന്ന ഒരു വസ്തു തീരത്ത് അടിയാറുണ്ട്. നമ്മുടെ കൈപ്പത്തിയെക്കാള്‍ കുറച്ചു കൂടി വലുപ്പം കാണും ഇതിന്. ചെറിയ വലുപ്പം ഉള്ളതും ഉണ്ട്. വെളുത്ത നിറം, പരന്നു നാവു പോലെ രണ്ട് അറ്റവും കൂര്‍ത്ത രൂപം. കടലിന്‍റെ നാക്ക് എന്നാണ് “കടനാക്ക്” കൊണ്ട് ഗ്രാമവാസികള്‍ ഉദേശിക്കുന്നത്. ഇത് കൂന്തല്‍ അല്ലെങ്കില്‍ കണവ എന്നറിയപ്പെടുന്ന ജീവിയുടെ അസ്ഥി ആണ്. ഇവ തെര്‍മോക്കോള്‍ പോലെ കടലില്‍ നിന്നും തീരത്തേക്ക് ഒഴുകി വന്ന് അടിയാറുണ്ട്. ഉണങ്ങിക്കഴിഞ്ഞാല്‍ ആനക്കൊമ്പ് പരന്നതു പോലെ ഇരിക്കും. ചെറു പ്രായത്തില്‍ ഇതൊക്കെ വലിയ അത്ഭുതങ്ങള്‍ ആയിരുന്നു. ഇപ്പോഴും അതെ. എടവനക്കാടിന്‍റെ സൗന്ദര്യത്തില്‍ വലിയൊരു പങ്കു വഹിക്കുന്നത് ഈ ബീച്ചാണ്. ബീച്ചു കഴിഞ്ഞാല്‍ പിന്നെ ഉള്ളത് മീന്‍ കെട്ടുകള്‍ ആണ്. ഗ്രാമവാസികളുടെ പ്രധാന ഉപജീവന മാര്‍ഗത്തില്‍ ഒന്നാണ് ചെമ്മീന്‍ അല്ലെങ്കില്‍ മീന്‍ കെട്ടുകള്‍. മീന്‍ വളര്‍ത്തുന്നതിനുള്ള ജലാശയങ്ങള്‍ ആണ് കെട്ട് എന്ന പേരില്‍ അറിയപ്പെടുന്നത്. ചെമ്മീനും മീനും സാധാരണ ഒരു കെട്ടില്‍ തന്നെയാണ് കൃഷി ചെയ്യുക. എങ്കിലും പറയുമ്പോള്‍ ചെമ്മീന്‍ കെട്ട് എന്ന് മാത്രമായും പറയാറുണ്ട്. അത്യാവശ്യം ആഴമുണ്ടാകും ഈ കെട്ടുകള്‍ക്ക്. വലുപ്പം സാധാരണ ഏക്കറു കണക്കിനാണ് പറയാറുള്ളത്. എങ്കിലും ചെറിയ കെട്ടുകളും ഇവിടെ ഉണ്ട്. ഉപയോഗശൂന്യമായ നെല്‍ പാടങ്ങളും കെട്ടുകള്‍ ആയി ഉപയോഗിക്കാറുണ്ട്. മാര്‍ക്കറ്റില്‍ നിന്ന് മത്സ്യ കുഞ്ഞുങ്ങളെ വാങ്ങി നിക്ഷേപിച്ച് മാസങ്ങള്‍ക്കു ശേഷം ഒരു ദിവസം ഈ മത്സ്യങ്ങളെ പിടിക്കുകയാണ് ചെയ്യുക. ഇതിനെ നാട്ടുഭാഷയില്‍ കെട്ടു വളയുക എന്നു പറയും.

മീൻ കെട്ടിലെ തുരുത്ത്

“പത്തേക്കര്‍” എന്നറിയപ്പെടുന്ന കെട്ടില്‍ ഉള്ള ഒരു ചെറിയ ദ്വീപ് (തുരുത്ത്) ആണിത്. വലിയ കെട്ടുകളില്‍ ഇതുപോലുള്ള ചെറിയ തുരുത്തുകള്‍ കാണാവുന്നതാണ്. ചെറു വഞ്ചിയുമായി ഈ തുരുത്തുകളില്‍ ചെല്ലുന്നതും കാറ്റ് കൊണ്ടു നില്‍ക്കുന്നതും ഒക്കെ ഒരു അനുഭവം തന്നെ. ചില തുരുത്തുകളിൽ ആളുകൾ താമസവും ഉണ്ട്. മുന്‍പു പറഞ്ഞതുപോലെ കടലിനോടു ചേര്‍ന്ന പ്രദേശം ആയതുകൊണ്ട് മിക്കപ്പോഴും ഇവിടെ കാറ്റായിരിക്കും. ബീച്ചു പോലെ തന്നെ ആസ്വാദ്യകരമാണ് ഈ കെട്ടുകളുടെ വരമ്പത്തു നിൽക്കുന്നതും. സ്റ്റാർ ഹോട്ടലിൽ പോയാൽ കിട്ടാത്ത ഒരു റൊമാന്റിക്ക് മൂഡ് നമുക്ക് ഇവിടെയിരുന്നാൽ കിട്ടും. വൈപ്പിന്‍ കരയിലെ പേരുകേട്ട കെട്ടായ “കണ്ണുപിള്ള കെട്ട്” എടവനക്കാടാണ്. ഏതാണ്ട് 200 ഏക്കറോളം വിസ്തീര്‍ണ്ണം ഉള്ളതാണ് കണ്ണുപിള്ള കെട്ട്. ചുരുക്കി പറഞ്ഞാല്‍ ഏകദേശം എടവനക്കാട് ഗ്രാമത്തിന്‍റെ അഞ്ചില്‍ ഒരു ഭാഗത്തോളം വരും ഇതിന്‍റെ വലുപ്പം. കണ്ണുപിള്ള കെട്ടില്‍ ഇതിനെക്കാള്‍ വലിയ ആറു തുരുത്തുകള്‍ ആണുള്ളത്.
ഗ്രാമത്തിന്‍റെ പ്രധാന ജീവിതോപാധി മത്സ്യബന്ധനം ആയതുകൊണ്ട് രാവിലെയും വൈകീട്ടും മത്സ്യബന്ധന വഞ്ചികള്‍ പോകുന്നത് ഒരു സ്ഥിര കാഴ്ച്ചയാണ് ഇവിടെ. ചെറിയ വഞ്ചികളില്‍ ഒന്നുമുതല്‍ രണ്ടു പേര്‍ വരെയും വലിയ മോട്ടോര്‍ വള്ളങ്ങളില്‍ അഞ്ചു മുതല്‍ പത്തുപേര്‍ വരെയും ഉണ്ടാകും. കൂടാതെ അന്നന്നേക്കുള്ള ഭക്ഷണത്തിനായി തോടുകളില്‍ നിന്നും മീനും ഞണ്ടും ഒക്കെ പിടിക്കുന്നവരെയും കാണാം.

തോടിലെ മീൻ പിടുത്തം

ഗ്രാമത്തെ കിഴക്ക് വേമ്പനാട്ടു കായലുമായി ബന്ധിപ്പിക്കുന്നത് വലിയ തോടുകളാണ്. ഒരു ചെറിയ പുഴ എന്ന് വേണമെങ്കില്‍ ഇതിനെ പറയാം. മീന്‍പിടുത്തക്കാര്‍ വഞ്ചിയില്‍ പോകുന്നത് ഇതുവഴിയാണ്. ഈ തോടിനോട് ചേര്‍ന്നുള്ള ഒട്ടുമിക്ക വീടുകള്‍ക്കും സ്വന്തമായി ഒരു വഞ്ചി ഉണ്ടായിരിക്കും. അതും അല്ലെങ്കില്‍ ഉപയോഗശൂന്യമായ ഒരു പൊട്ട വഞ്ചി എങ്കിലും കാണും. ടൌണില്‍ സ്കൂട്ടര്‍ അല്ലെങ്കില്‍ കാര്‍ ഉള്ളതുപോലെയാണ് ഇവിടുള്ളവര്‍ക്ക് വഞ്ചി. റോഡുകള്‍ വരുന്നതിനു മുന്‍പു തോടുകള്‍ ആയിരുന്നു സഞ്ചാര മാര്‍ഗ്ഗം. മത്സ്യബന്ധനത്തിനും ചെറിയ പോക്കുവരവുകള്‍ക്കും ഗ്രാമവാസികള്‍ വഞ്ചിയാണ് ഉപയോഗിക്കുന്നത്. ഈ തോടുകളിലൂടെ വഞ്ചി തുഴഞ്ഞു പോകുന്നതും മനം കുളിര്‍പ്പിക്കുന്ന ഒരനുഭവമാണ്. വഞ്ചി കിട്ടുമ്പോഴൊക്കെ ഞാനും തുഴയും അങ്ങോട്ടും ഇങ്ങോട്ടും. ചെറിയ കാറ്റുള്ളപ്പോള്‍ വഞ്ചി തുഴയുന്നത് നല്ലൊരു റിലാക്സേഷന്‍ ആണ്.

എടവനക്കാട്ടുകാർ

പ്രകൃതി രമണീയതയുടെ കാര്യത്തില്‍ മാത്രമല്ല, വെള്ളിത്തിരയിലും തിളങ്ങി നില്‍ക്കുകയാണ് എടവനക്കാട്. 1970 – കളിലെ പ്രമുഖ നായക നടന്മാരില്‍ ഒരാളായ വിന്‍സെന്‍റ്, നമ്മുടെ ജനപ്രിയ നായകന്‍ ദിലീപ്, കൂടാതെ സിദ്ദിക്ക്, അബ്ദുൾ മജീദ്, ചേതൻ ജയലാൽ, കഥാകൃത്ത് വ്യാസന്‍ എടവനക്കാട് തുടങ്ങിയവര്‍ വെള്ളിത്തിരയ്ക്കുള്ള എടവനക്കാടിന്‍റെ കൈനീട്ടമാണ്. കൂടാതെ സാമൂഹിക, കലാ, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്ത് അറിയപ്പെടുന്ന ഒട്ടേറെ വ്യക്തികളെ സംഭാവന ചെയ്യാന്‍ എടവനക്കാടിന് കഴിഞ്ഞിട്ടുണ്ട്. എടവനക്കാടിന്‍റെ തീരപ്രദേശങ്ങള്‍ ധാരാളം വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്. എന്നിരുന്നാലും ഒത്തിരി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഒക്കെ വന്നു ഗ്രാമത്തിന്‍റെ തനതു ഭംഗി ഇല്ലതാക്കുന്നതിനോട് എനിക്ക് അത്ര യോജിപ്പില്ല. തീരപ്രദേശം ആയതുകൊണ്ട് വന്‍കിട ഫ്ലാറ്റുകള്‍ ഒന്നും ഇവിടെ സ്ഥാനം പിടിക്കാന്‍ പോകുന്നില്ല. അതേതായാലും നന്നായി. കോണ്‍ക്രീറ്റ് കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന നഗരങ്ങള്‍ക്കു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ അതു മാത്രം മതി. ജീവിക്കാന്‍ ശുദ്ധവായു ആണ് വേണ്ടതെന്നും കോണ്‍ക്രീറ്റ് അല്ല എന്നും ഉള്ള തിരിച്ചരിവുള്ളവരാണല്ലോ നമ്മള്‍. ഗ്രാമത്തിന്‍റെ പേരുപോലെതന്നെ മൊത്തത്തില്‍ ഹരിതാഭമാണ്‌ എടവനക്കാട്. അന്നും ഇന്നും എവിടെയും പച്ചപ്പ്‌. മലകളും കുന്നുകളും തോട്ടങ്ങളും ഒക്കെ ഉള്ള സ്ഥലങ്ങൾ ഉണ്ടെങ്കിലും ഗ്രാമം എന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍ ഓടിയെത്തുന്നത് എന്‍റെ ഈ കൊച്ചു ഗ്രാമമാണ്.

ഒരു പഴയ ചിത്രം

തെങ്ങുകളും മരങ്ങളും ഇടതൂര്‍ന്നു നില്‍ക്കുന്ന ഈ ബീച്ചില്‍ വന്ന് ഇരിക്കുന്നത് ഒരു ഫീലിംഗ് ആണ്. മരങ്ങളുടെ തണലില്‍, സീവാള്‍ കല്ലുകളുടെ മുകളില്‍, കലി തുള്ളി മറിയുന്ന കടലിനെ നോക്കി ഇരിക്കുന്നത്ര ആനന്ദമൊന്നും എനിക്ക് വേറെ എവിടെയും ലഭിച്ചിട്ടില്ല. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ സൊറ പറഞ്ഞിരിക്കാന്‍ ഇതിലും നല്ല സ്ഥലം വേറെയില്ല. ഇവിടെയിരിക്കുമ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്നത് ശ്രീമാൻ വയലാറിന്‍റെ സുന്ദരമായ ഈ വരികളാണ്:

“ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി…
എനിക്കിനിയൊരു ജന്മം കൂടി…”


എന്‍റെ ഗ്രാമം എനിക്ക് അത്ര പ്രിയപ്പെട്ടതാണ്. അതു സംരക്ഷിക്കാന്‍ ഞാന്‍ ബാധ്യസ്തന്‍ ആണെന്ന പ്രതിജ്ഞ കൂടിയാണ് ഇത്.

എടവനക്കാടിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ കാണാം.

Leave a Reply

avatar
  Subscribe  
Notify of