പ്രണയം കടലിനോട്…

കണ്ണെത്താ ദൂരം നീണ്ടു കിടക്കുന്ന കടൽ എത്ര മനോഹരമാണ്. തിരമാലകൾ ആർത്തിരമ്പി തീരത്തെ പുല്കുന്നു, അവ ശാന്തമായി വീണ്ടും ഉൾവലിയുന്നു, ചിലതു തീരം എത്താതെ ആഞ്ഞടിച്ചു ഇല്ലാതാകുന്നു…

കടലിനു കരയോടുള്ള പ്രണയം അങ്ങനെ ഒരിക്കലും നിലയ്ക്കാതെ തുടരുന്നു. എത്ര വട്ടം കണ്ടാലും മതി വരാത്ത ഈ കടലിന്റെ തീരത്തേക്ക് ഒരു വട്ടമെങ്കിലും ഇറങ്ങി ചെല്ലാത്ത ഒരാളും ഉണ്ടാവില്ല. വൈകുന്നേരങ്ങളിൽ ഉള്ള കടലിനാണ് ചന്തം കൂടുതൽ. കടൽ തീരം എന്നു പറയുമ്പൊഴേ സായാഹ്നങ്ങളിലെ കടൽ ആയിരിക്കും നമുക്ക് എല്ലാർക്കും ഓർമ്മ വരിക.

കടൽത്തീരത്തെ പൂഴി മണലും നീലാകാശവും വശ്യതയാർന്ന കാറ്റും ഇവിടെ എത്ര നേരം നിന്നാലും മതിവരാത്തതാക്കുന്നു. ജാതിയും മതവും ഭാഷയും ഒന്നുമില്ലാത്ത കടൽ, തന്റെ അടുത്തു വരുന്നവരെ എല്ലാം ഒരുപോലെ ആനന്ദിപ്പിക്കുന്നു…

എത്ര തളർന്നിരുന്നാലും, സങ്കടത്തോടെ വന്നാലും എന്നെ അതെല്ലാം മറന്ന്, ശാന്തമാക്കുന്ന ഈ കടലിനോടാണെനിക്ക് പ്രണയം . ഏറെ നാൾ കാണാതിരുന്നാലും വീണ്ടും കാണുമ്പോൾ പഴയ അതേ സ്നേഹത്തോടെ തന്നെ അടുത്തുവരുന്ന ഈ കടലിനോടാണെനിക്ക് പ്രണയം ..

എല്ലാവരുടെയും സ്നേഹം ഈ കടലു പോലെ ആയിരുന്നെങ്കിൽ എന്ന് ഇവിടെ വരുമ്പൊഴൊക്കെയും ഞാൻ ആലോചിക്കാറുണ്ട്. തിരിച്ചൊരു വാക്കു പോലും മിണ്ടാഞ്ഞിട്ടും തീരത്തെ പുണർന്നുകൊണ്ടിരിക്കുന്ന കടലുപോലെ എന്തേ എല്ലാർക്കും ആയിക്കൂടായെന്ന്.

തീരത്ത് ഇരിക്കുമ്പോൾ ഞാൻ ഒരു പച്ച മനുഷ്യനാണ്. ജാതിയും മതവും ഇല്ലാത്ത വെറുമൊരു ജീവി.

ഇവിടത്തെ പൂഴി മണലിൽ നടന്നുകൊണ്ട് ആകാശത്തേക്കു നോക്കുമ്പോൾ എങ്ങും തൊടാതെ നിൽക്കുന്ന പ്രപഞ്ചത്തിലെ ഇത്തിരിപ്പോന്ന ഒരു ഗ്രഹത്തിന്റെ മണ്ടയിലാണു ഞാൻ എന്ന ചിന്ത എന്നിൽ അലയടിക്കും ..

ജീവന്റെ തുടക്കം കുറിച്ച ഈ കടലിലെ ചക്രവാളത്തിൽ താഴുന്ന അസ്തമയ സൂര്യനെ നോക്കി നിൽക്കുമ്പോൾ ഞാൻ ഓർത്തുപോകുന്നു, ഈ കടലിനെ പ്രണയിക്കാൻ ഒരായിരം ആയുസ്സ് ഉണ്ടായിരുന്നെങ്കിൽ എന്ന്…

Leave a Reply

avatar
  Subscribe  
Notify of